കോഴിക്കോട് ജില്ലയിലെ കാഴ്ച പരിമിതരായ കുട്ടികൾക്ക് സ്മാർട്ട് വൈറ്റ് കെയിൻ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം കാരപ്പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ രാമനാട്ടുകര സേവാമന്ദിരം 9-ാം തരം വിദ്യാർത്ഥി ആയിഷാ സമീഹക്ക് നൽകി.ജില്ലാ കലക്ടർ എ ഗീത നിർവഹിച്ചു. എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു.കോഴിക്കോട് കോംപസിറ്റ് റീജിനൽ സെന്റർ ഡയറക്ടർ ഡോ. റോഷൻ ബിജിലി മുഖ്യാതിഥിയായി.
സമഗ്രശിക്ഷാ കോഴിക്കോട്, ഇരുവള്ളൂർ ഗവ. യു.പി. സ്കൂളിന്റെ സഹകരണത്തോടെയാണ് കാഴ്ച പരിമിതരായ കുട്ടികൾക്ക് സ്മാർട്ട് വൈറ്റ് കെയിൻ ഉപയോഗിക്കാനുള്ള അവസരമൊരുക്കുന്നത്. പലതരം തടസങ്ങൾ തിരിച്ചറിയാതെ സംഭവിക്കുന്ന അപകടങ്ങളിൽനിന്ന് ഈ സ്മാർട്ട് ഉപകരണം വിദ്യാർത്ഥികൾക്ക് രക്ഷയാകുമെന്ന പ്രതീക്ഷയിലാണ് എസ് എസ് കെ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ടെക്നോളജി ഉപയോഗിച്ച് പരിമിതികളെ മറികടക്കുന്നതിന് ഭിന്നശേഷി വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ എസ് എസ് കെ ലക്ഷ്യം വെക്കുന്നത്.
ചടങ്ങിൽ താനൂർ ഗവ കോളേജ് അസി. പ്രൊഫസർ ഡാനിഷ്, എസ് എസ് കെ ഡി പി ഒ സജീഷ് നാരായണൻ, കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.പി മനോജ് കുമാർ, എസ് എസ് കെ ബി പി ഒ വി.ഹരീഷ്, അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പ്രോഗ്രാം ഓഫീസർ ഷീബ വി.ടി സ്വാഗതവും, ഇരുവള്ളൂർ യു പി സ്കൂൾ ഹെഡ്മിസ്ട്രസ് റാണി ഷർമിള നന്ദിയും പറഞ്ഞു.