സംസ്ഥാനത്തെ പത്ത് ഹോട്ട് സ്‌പോട്ടുകളിലൊന്നായ പൊന്നാനിയിലെ കടൽ ക്ഷോഭത്തിന് ശ്വാശത പരിഹാരമെന്ന നിലയിൽ ടെട്രാപോഡ് കടൽഭിത്തി സംവിധാനം ഒരുങ്ങും. ഇതിനായി സാധ്യതാ പഠനം നടത്തുന്നതിനായി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. പാലപ്പെട്ടി മുതൽ പൊന്നാനി അഴിമുഖം വരെയാണ് സംഘം സന്ദർശിച്ചത്. തുടർന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയാറാക്കി പ്രാഥമിക സാധ്യതാ പഠന റിപ്പോർട്ട് മൂന്നാഴ്ചക്കകം സർക്കാറിന് കൈമാറും.
സർക്കാറിന് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിക്കുക. ചെന്നെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.സി.സി.ആർ ആണ് സാധ്യതാ പഠനം നടത്തുന്നത്. ഉദ്യോഗസ്ഥ സംഘം പി. നന്ദകുമാർ എം.എൽ.എയുമായി ചർച്ച നടത്തി. കടലോര പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. എൻ.സി.സി.ആർ ശാസ്ത്രജ്ഞരായ സത്യ കിരൺ രാജ് അല്ലൂരി, എസ്. സുബ്ബരാജ്, ബി. നമിത, പ്രൊജക്ട് അസോസിയേറ്റ് ബി. ശിൽപ്പ എന്നിവർ സംഘത്തിലുണ്ടായിരുന്നു.