മലപ്പുറം:- ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കാന്‍ ജില്ലാഭരണകൂടത്തിന്റെ ഹെല്‍ത്തി പ്ലേറ്റ്' പദ്ധതിക്ക് തുടക്കമായി. മലപ്പുറം ജില്ലാ ഭരണകൂടവും ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് `ഹെല്‍ത്തി പ്ലേറ്റ്'. വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി സിവില്‍ സ്‌റ്റേഷന്‍ ക്യാന്റീനില്‍ പ്രത്യേകം ഹെല്‍ത്തി പ്ലേറ്റ് ഒരുക്കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. നല്ല ആരോഗ്യത്തിനായി നമ്മുടെ ഭക്ഷണശൈലിയില്‍ കാര്യമായ മാറ്റം വരുത്തണമെന്നും കാര്‍ബോ ഹൈഡ്രേറ്റിന്റെ അമിതമായ അളവ് കുറയ്ക്കണമെന്നും കലക്ടറേറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. കാലാവസ്ഥക്ക് അനുയോജ്യമായ ഭക്ഷണം ശീലിക്കണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ആളുകള്‍ക്ക് താത്പര്യമുണ്ട്. എന്നാല്‍ അതിന്റെ ലഭ്യതക്കുറവാണ് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. ഇത് മറികടക്കാന്‍ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഹെല്‍ത്തി ഫുഡ് മെനു കൊണ്ടുവരും. പെട്ടെന്നൊരു മാറ്റം സാധ്യമായില്ലെങ്കില്‍ പോലും ഹെല്‍ത്തി ഫുഡ് പതിയെ ശീലമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണശീലങ്ങള്‍ ആരിലും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് തന്നെയാണ് നിലപാട്. എന്നാല്‍ നല്ല ഭക്ഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ ജില്ലാഭരണകൂടം മുന്‍കൈയെടുക്കുമെന്നും കലക്ടര്‍ വിശദീകരിച്ചു.
ഹെല്‍ത്തി പ്ലേറ്റ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ഫുഡ് മെനുവില്‍ ആരോഗ്യകരമായ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തും. ആദ്യഘട്ടമെന്ന നിലയില്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ ക്യാന്റീനിലെ ഫുഡ് മെനുവില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ ഭക്ഷണത്തിന് പുറമെ, ഇനി മുതല്‍ പ്രത്യേകം തയ്യാറാക്കിയ ആരോഗ്യപൂര്‍ണ്ണമായ ഭക്ഷണവും ക്യാന്റീനില്‍ ലഭിക്കും. ധാന്യങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍, പഴങ്ങള്‍, ഇലക്കറികള്‍, പാലും പാലുല്‍പ്പന്നങ്ങളും, മീന്‍, ഇറച്ചി, മുട്ട തുടങ്ങി മനുഷ്യന് ആവശ്യമുള്ളതെല്ലാം ഉള്‍പ്പെടുത്തിയാണ് ഹെല്‍ത്തി ഫുഡ് തയ്യാറാക്കുന്നത്. ജീവിതശൈലീ രോഗങ്ങള്‍ ചെറുക്കാന്‍ ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് നേരത്തേ തുടങ്ങിവച്ച നെല്ലിക്ക ക്യാമ്പയിന്റെ ഭാഗമായാണ് ഹെല്‍ത്തി പ്ലേറ്റ് പദ്ധതിയും നടപ്പാക്കുന്നത്.